കൊച്ചി: ഓണക്കോടിക്കൊപ്പം 10,000 രൂപയും നല്കി വിവാദത്തിലായി തൃക്കാക്കര നഗരസഭ അധ്യക്ഷ. യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് വിവാദത്തിലായത്. 43 കൗണ്‍സിലര്‍മാര്‍ക്കാണ് ഓണസമ്മാനമായി കോടിയും 10000 രൂപ വീതവും നല്‍കിയത്. അതേസമയം, 18 കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും ചെയ്തു. ശേഷം, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.
ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്ന് ആരോപിച്ചു. നഗസഭയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള ഓണക്കോടി വിതരണത്തിനൊപ്പം കൗണ്‍സിലര്‍മാരെ ക്യാബിനില്‍ വിളിച്ചുവരുത്തി പണമടങ്ങിയ കവറും കൂടി നല്‍കിയെന്നാണ് ആരോപണം. നഗരസഭയില്‍ നടക്കുന്ന ക്രമക്കേടുകളുടെ ഭാഗമായുള്ള പണമാണ് ഇത്തരത്തില്‍ വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം നല്കിയെങ്കില് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിക്ക് 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ച് അജിത തങ്കപ്പനും രംഗത്തെത്തി.
അജിത തങ്കപ്പന്റെ വാക്കുകള്‍;
കൗണ്‍സിലര്‍മാര്‍ ക്യാബിനിലേക്ക് വന്നത് ഓണക്കോടി എടുക്കാനാണ്. ഓണക്കോടിക്കൊപ്പംപതിനായിരം രൂപ നല്കി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പുതിയ ഭരണ സമതി വന്നതിന് ശേഷം അതിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്.
ഇത്രയും പണം നല്‍കാനുള്ള കഴിവ് എനിക്കില്ല. പിന്നെ ആരോപണം ഉന്നയിക്കുന്നത് എന്താണെന്ന് അറിയില്ല. ശാരീരികമായി ഉപദ്രവിച്ചതിന് പിന്നാലെയാണ് അടുത്ത ആരോപണവുമായി വന്നിരിക്കുന്നത്. അവര്‍ കേസുമായി മുന്നോട്ട് പോകണം. സത്യം തെളിയിക്കേണ്ടത് തന്റെയും ഉത്തരവാദിത്തമാണ്. ഇതിനെ നിയമപരമായി തന്നെ നേരിടും.
Discussion about this post