മലപ്പുറം: മലപ്പുറം ഡിസിസി താത്കാലിക പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. 2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും തന്നെ പിന്നിൽ നിന്ന് കുത്തി പരാജയപ്പെടുത്തിയെന്നും ഷൗക്കത്ത് ആരോപിക്കുന്നുണ്ട്. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിർത്താം, എന്നാൽ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
‘പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവ്‌കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിർത്താം. പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങൾക്ക് മുന്നിൽ മുട്ടിലിഴയുന്നവർ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങൾ കാണാനുണ്ട്’- ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സീറ്റ് തർക്കം ഉടലെടുത്തതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൽക്കാലികമായി നിയമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വിവി പ്രകാശിനെ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം കോൺഗ്രസ് തിരിച്ചേൽപ്പിച്ചിരുന്നു. ഇതോടെ സീറ്റും ഡിസിസി പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ട് ആര്യാടൻ ഷൗക്കത്ത് പ്രതിസന്ധിയിലാവുകയും ചെയ്തു.
സീറ്റുതർക്കം പരിഹരിക്കാനായാണ് നീക്കുപോക്കെന്ന നിലയിൽ ഷൗക്കത്തിന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകിയത്. അഞ്ചു ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനത്തുനിന്ന് നീക്കിയിരുന്നെങ്കിലും മലപ്പുറത്തെ മാറ്റം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. നിലമ്പൂർ സീറ്റിനുവേണ്ടി വിവി പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിലുണ്ടായിരുന്ന തർക്കം സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസിന് വലിയ തലവേദനയായിരുന്നു. ഇതിനെത്തുടർന്ന് സ്ഥാനാർത്ഥിനിർണയം നീണ്ടുപോവുകയുംചെയ്തു.
കഴിഞ്ഞതവണ ഷൗക്കത്തിനുവേണ്ടി ഒഴിഞ്ഞുകൊടുത്തതിനാൽ ഇത്തവണ മാറിനിൽക്കാൻ തയ്യാറല്ലെന്ന് വിവി പ്രകാശും നഷ്ടപ്പെട്ട നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കുമെന്ന് ഷൗക്കത്തും നിലപാടെടുത്തതോടെയാണ് നേതൃത്വം കുഴങ്ങിയത്. ഇതോടെയാണ് പട്ടാമ്പി സീറ്റ് മുന്നോട്ട് വെച്ച് ഷൗക്കത്തിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ പട്ടാമ്പി വേണ്ടെന്ന നിലപാട് എടുത്ത ഷൗക്കത്തിന് പിന്നീട് താൽക്കാലികമായി ഡിസിസി അധ്യക്ഷസ്ഥാനം നൽകി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനവും ഷൗക്കത്തിന് നഷ്ടമായി. ഇതോടെ പട്ടാമ്പി സീറ്റ് നിരസിച്ചത് മഠയത്തരമായെന്നാണ് പാർട്ടി അണികൾ പോലും പ്രതികരിക്കുന്നത്.
Discussion about this post