ന്യൂഡല്‍ഹി: ഹത്രാസ് കേസുമായി ബന്ധപ്പെട്ട് യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം. അഞ്ചുദിവസത്തേക്കാണ് ജാമ്യം. ഉമ്മയെ അല്ലാതെ മറ്റാരെയും കാണരുതെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
അസുഖബാധിതയായ ഉമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശ് പോലീസിന്റെ അകമ്പടിയോടെയാകും കാപ്പന് കേരളത്തില്‍ എത്തുക. കേരളാ പോലീസും സുരക്ഷ ഒരുക്കണം.
സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നും കോടതി വ്യക്തമാക്കി.
കാപ്പന് അമ്മയെ കാണാന്‍ അഞ്ച് ദിവസത്തെ ജാമ്യം നല്‍കണമെന്നും കാപ്പന്റെ അമ്മ മരണശയ്യയിലാണെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ തുഷാര്‍മേത്തയും യുപി സര്‍ക്കാരും ഇതിനെ എതിര്‍ത്തു. ജാമ്യാപേക്ഷയില്‍ നാളെ മാത്രമേ നിലപാട് വ്യക്തമാക്കാനാകൂ എന്നായിരുന്നു യുപി സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മാനുഷിക പരിഗണന വെച്ച് കാര്യങ്ങള്‍ കാണണമെന്നും തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു.
മാനുഷിക പരിഗണന വെച്ച് കാപ്പനെ അമ്മയെ കാണാന്‍ അനുവദിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു. എന്നാല്‍ കാപ്പന് മാധ്യമ പ്രവര്ത്തകന് അല്ല എന്നും കേരളത്തില്‍ കാപ്പന് വേണ്ടി പോസ്റ്ററുകള്‍ വെച്ച് പണം പിരിക്കുകയാണെന്നും കാപ്പന്റെ ഭാര്യയടക്കം ഇതിനായി പ്രവര്‍ത്തിക്കുകയാണെന്നും യുപി പോലീസ് കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് മാനുഷിക പരിഗണന വെച്ച് കാര്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ട കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങുന്ന കാപ്പന് വീടിന് പുറത്തിറങ്ങരുതെന്ന് യുപി പോലീസ് ആവശ്യപ്പെട്ടെങ്കിലും കാപ്പനെ ജയിലിലേക്ക് അല്ല അയക്കുന്നത് എന്ന് കോടതി പ്രതികരിച്ചു.
Discussion about this post