പാലക്കാട്: വെള്ളച്ചാട്ടം കാണാനിറങ്ങിയ കുടുംബം കാട്ടില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് കാട്ടില്‍ അകപ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായത്താല്‍ ഇവരെ പുറത്തെത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെ അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിന് പിറകുവശത്തായുള്ള അയ്യപ്പന്‍ചാല്‍ വെള്ളച്ചാട്ടമാണ് കുടുംബം കാണാന്‍ പോയത്.
പാലക്കാട് വടക്കന്തറ സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘം അയ്യപ്പന്‍ചാല്‍ മലകയറിപ്പോവുകയും സന്ധ്യയായതോടെ ഇരുട്ടത്ത് വഴിതെറ്റുകയുമായിരുന്നു. തുടര്‍ന്ന്, ഇവര്‍ പാലക്കാട് അഗ്നിരക്ഷാസേനയെ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഒടുവില്‍ അയ്യപ്പന്‍ചാല്‍ സമീപവാസിയായ മോഹനന്റെ സഹായത്തോടെ പാലക്കാട് അഗ്നിരക്ഷാസേന മലകയറി കുടുംബത്തെ കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശമാണിവിടം. രാത്രി കുടുങ്ങിയ ഇവര്‍ തലനാരിഴയ്ക്കാണ് വന്യമൃഗങ്ങളില്‍ നിന്നും കരകയറിയത്. രാത്രി എട്ടു മണിയോടെയാണ് ഇവരെ തിരികെ എത്തിക്കാന്‍ സാധിച്ചത്.
Discussion about this post