മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ ലാബ് ഉടമ പിടിയില്‍. വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമ സജീദ് എസ്.സാദത്താണ് പിടിയിലായത്. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
കേസിലെ രണ്ടാംപ്രതിയാണ് സജീദ് എസ്.സാദത്ത്. കൂട്ടുപ്രതിയായ മുഹമ്മദ് ഉനൈസിനെയും അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും സജീദിന്റെ പിതാവുമായ സുനില്‍ സാദത്ത് ഒളിവിലാണ്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സജീദ് പിടിയിലായത്.
കഴിഞ്ഞ മാസം 14നാണ് പെരിന്തല്‍മണ്ണ സ്വദേശി കോവിഡ് പരിശോധനയ്ക്ക് കോഴിക്കോട്ടെ മൈക്രോ ലാബിന്റെ ശാഖയായ വളാഞ്ചേരിയിലെ അര്‍മ ലാബിലെത്തിയത്. പരിശോധനയ്ക്കു ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കി. എന്നാല്‍ പിന്നീട് ഇതേയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പില്‍ നിന്ന് സന്ദേശമെത്തി.
പെരിന്തല്‍മണ്ണ സ്വദേശി പരാതിയുമായി മൈക്രോ ലാബിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അര്‍മ ലാബിലെത്തിയ 2500 പേരില്‍ 496 പേരുടെ സാംപിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് മൈക്രോ ലാബിലേക്കയച്ചത്. ഒരാളില്‍ നിന്ന് 2500 രൂപ വീതം ഈടാക്കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ ലാബ് പൂട്ടി.
Discussion about this post