പുത്തുമല: പുത്തുമലയിലെ നോവുന്ന കാഴ്ചകള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പലയിടത്ത് നിന്നും കണ്ണീര് കാഴ്ചകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയാണ് വരുന്നത്. അപ്രതീക്ഷിത ദുരന്തത്തിലാണ് റാണിയും കുടുംബവും ലോകത്ത് നിന്ന് മാഞ്ഞുപോയത്. ആദ്യം കണ്ടെത്തിയത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.
പിന്നാലെ റാണിയുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് വലിച്ച് എടുത്തു. പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ റാണിയുള്‍പ്പെടെ ഇതേ പാടിയില്‍ താമസിച്ച നാലുപേരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് സെല്വന്, അയല്‍വാസികളായ അജിത, ഷൈലജ എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്.
ബാക്കിയായത് റാണി സ്വരുക്കൂട്ടിയ സമ്പാദ്യമായിരുന്നു. കുറെ നാണയത്തുട്ടുകള്‍.. രണ്ടു രൂപ, ഒരു രൂപ.. ചുരുട്ടിയിട്ട അഞ്ചുരൂപ നോട്ടുകളാണ് കൂട്ടത്തില്‍ വലുത്. ഓരോന്നായി മണ്ണില്‍നിന്ന് പെറുക്കിയെടുത്ത് രക്ഷാപ്രവര്ത്തകന് സൂക്ഷ്മതയോടെ തൂക്കുപാത്രത്തിലേക്ക് മാറ്റി.
പിന്നാലെ പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടുവെച്ച കുറച്ചധികം നാണയ തുട്ടുകളും ലഭിച്ചു. പിന്നെ ഭദ്രമായി വെച്ച 500 രൂപയും, അലമാരയില്‍ സൂക്ഷിച്ച പുതിയ തോര്‍ത്ത്, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കുറച്ചു നല്ല വസ്ത്രങ്ങള്‍.. ഇങ്ങനെ നീളും റാണിയുടെ സമ്പാദ്യങ്ങള്‍. റാണിയുടെ അലമാരയില്‍ നിന്നുകിട്ടിയ എല്ലാ സമ്പാദ്യങ്ങളും കൂടി കമ്പിളിയില്‍ കെട്ടിവെച്ചു. ഈ കാഴ്ച അങ്ങേയറ്റം വേദന ജനിപ്പിക്കുന്നതായിരുന്നു.
Discussion about this post