ഐസ്വാള്‍: തന്റെ സൈക്കിളിടിച്ച് പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍
ആശുപത്രിയിലേക്ക് ഓടിയ ബാലന് അന്തര്‍ദേശീയ അംഗീകാരം. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘പീറ്റ’ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ആണ് ആറു വയസുകാരനായ ഡെറക്ക് സി ലല്ക്കനിമയെ പുരസ്കാരം നല്കി അംഗീകരിച്ചത്.
പീറ്റയുടെ ‘കംപാഷനേറ്റ് കിഡ്’ പുരസ്കാരമാണ് മിസോറാം സ്വദേശിയായ കുട്ടിയെ തേടിയെത്തിയത്. എട്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുളള്ള കുട്ടികള്‍ക്കാണ് പീറ്റ കംപാഷനേറ്റ് കിഡ് പുരസ്കാരം നല്‍കുന്നത്.
സൈക്കിളോടിച്ച് വരുന്നതിനിടെ അയല്‍വാസിയുടെ കോഴിക്കുഞ്ഞ് ഡെറക്കിന്റെ സൈക്കിള്‍ വീലിനടിയില്‍ പെടുകയായിരുന്നു. പരിക്കേറ്റ കോഴിയുമായി പത്തുരൂപയുമായി ഡെറക് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടി, കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു.
കാഴിക്കുഞ്ഞ് ചത്തതറിയാതെ പണം നീട്ടിക്കൊണ്ട് അതിനെ രക്ഷിക്കാന്‍ ആവശ്യപ്പെടുന്ന ഡെറക്കിന്റെ ചിത്രം ആശുപത്രി ജീവനക്കാരിയാണ് പകര്‍ത്തിയത്.
ഈ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. സ്കൂള്‍ അധികൃതരും ഡെറക്കിന് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
‘ഇന്ത്യയുടെ ദയാലുവായ കുട്ടി’ എന്ന് അവനെ സൈബര്‍ ലോകം പുകഴ്ത്തി. നിഷ്കളങ്കതയുടേയും നന്മയുടേയും പരജീവി സ്നേഹത്തിന്റേയും രൂപകമായി ഡെറക് സി ലല്‍ക്കനിമ എന്ന ഇന്ത്യന്‍ ബാലനെ അന്തര്‍ദേശീയ മാധ്യമങ്ങളും വാഴ്ത്തി. ഒടുവില്‍ ഡെറക്കിന്റെ കനിവിന് അന്താരാഷ്ട്ര അംഗീകാരവും അവനെ തേടിയെത്തിയിരിക്കുന്നു.
ഡെറകിന്റെ സമ്മാനപത്രത്തില്‍ ‘പീറ്റ’ കുറിച്ചത് ഇങ്ങനെ, ‘മൃഗങ്ങളോടുള്ള സഹാനുഭൂതി മനുഷ്യനുള്‍പ്പെടെ എല്ലാ ജീവി വര്‍ഗ്ഗങ്ങളോടുമുള്ള സഹാനുഭൂതിയാണ്. എല്ലാ ജീവി വര്‍ഗ്ഗങ്ങള്‍ക്കും എതിരായ ക്രൂരതയ്ക്ക് എതിരുനില്ക്കലാണ്. അതുകൊണ്ട് നമുക്കൊപ്പം ഈ ഭൂമി പങ്കിടുന്ന മറ്റു മൃഗങ്ങളോട് ചെറിയ പ്രായത്തില്‍ തന്നെ സ്നേഹം കാട്ടുന്ന കുട്ടികളെ അംഗീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഡെറകിനെ പോലെയുള്ള കുട്ടികളുള്ളപ്പോള്‍ മനുഷ്യകുലത്തിന്റെ ഭാവി സുരക്ഷിതമാണ്.’
ലോകം നല്ലതാണ്, നല്ലവരുടേതാണ്.
Discussion about this post