മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്ന വിഷയമാണ് റാഫേല്‍ കരാര്‍. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റും സംസാരിക്കുമ്പോള്‍ റാഫേല്‍ ഇടപാടിനെക്കുറിച്ച് വളരെ കുറച്ച് മാത്രം സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് ശിവസേനയുടെ ഉപദേശം.
പാര്‍ട്ടി പത്രമായ സാംനയിലെ ലേഖനത്തിലൂടെയാണ് സഖ്യകക്ഷിയായ ബിജെപിക്ക് ഉപദേശവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. നേതാക്കളുടെ ആവശ്യമില്ലാത്ത പ്രസ്താവനകളെ ശ്രദ്ധിക്കണമെന്നും അതല്ലെങ്കില്‍ അവ ദേശീയ പാര്‍ട്ടിക്ക് വലിയ ബുദ്ധിമുട്ടാകുമെന്നും ശിവസേന വ്യക്തമാക്കുന്നു. ഈ കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കുറഞ്ഞ പക്ഷം ധാര്‍ഷ്ഠ്യം കാണിക്കാതിരിക്കുകയും ക്ഷമയോടെ സംസാരിക്കുകയും വേണമെന്നും ശിവസേന ലേഖനത്തില്‍ പറയുന്നു.
കൂടാതെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഉള്‍പ്പെടെയുള്ള ബിജെപിയിലെ നേതാക്കള്‍ അവര്‍ക്കിഷ്ടമുള്ളത് പറയുന്നുവെന്ന് ശിവസേന കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പബ്ലിസിറ്റിക്കായി പ്രത്യേക ചാനല്‍ വേണം എന്നത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും ലേഖനത്തില്‍ പറയുന്നു.
Discussion about this post