പ്രയാഗ് രാജ്: മലിനമാക്കപ്പെട്ട ഗംഗാ നദി പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി ശുചീകരിക്കപ്പെട്ടെന്ന വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കുംഭമേള സമാപനത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യോഗി ഗംഗാ നദി ശുചീകരിക്കപ്പെട്ടെന്ന വാദം ഉയര്‍ത്തിയത്.
അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചതാകട്ടെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രാവിന്ദ് ജുഗ്നൗഥ് ഗംഗയില്‍ സ്നാനം നടത്തിയ സംഭവവും. 2013ല്‍ കുംഭമേളയ്ക്കെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി വിശുദ്ധ സ്നാനത്തിനായി ഗംഗയില്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും മാലിന്യങ്ങളും വൃത്തികെട്ട മണവും കാരണം മാറി നില്‍ക്കുകയായിരുന്നു. ദൂരെ നിന്ന് ഗംഗാ സ്നാനം നോക്കി കാണാനേ അദ്ദേഹം തയ്യാറായുള്ളൂ. എന്നാല്‍ ഇത്തവണ കുംഭമേളയ്ക്കെത്തിയ അദ്ദേഹത്തിന് ഗംഗയില്‍ ഒരുപാട് തവണമുങ്ങി നിവര്‍ന്നിട്ടും കൊതി തീര്‍ന്നില്ലെന്ന് യോഗി അവകാശപ്പെട്ടു. ചൊവ്വാഴ്ച കുംഭമേള സമാപനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു യോഗിയുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമഫലമായാണ് ഗംഗയ്ക്ക് അത്ഭുതകരമായ മാറ്റം സംഭവിച്ചതെന്നും യോഗി പറഞ്ഞു. 3200ഓളം വിദേശ ഇന്ത്യക്കാരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി മാത്രം എത്തിയതെന്നും, 70 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തെന്നും ഇതുവലിയൊരു നേട്ടമാണെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യക്കൂട്ടായ്മയാണ് മഹാ കുംഭമേള. കുംഭമേള സമയത്ത് ഗംഗാ നദിയില്‍ സ്നാനം ചെയ്താല്‍ പാപങ്ങളില്‍ നിന്നും മുക്തി നേടുമെന്നാണ് വിശ്വാസം. 55 ദിവസം നീണ്ടു നിന്ന കുംഭമേള മാര്‍ച്ച് 4നാണ് അവസാനിച്ചത്.
Discussion about this post