ന്യൂഡല്‍ഹി: ഭര്‍ത്താവില്‍ നിന്ന് കഴിഞ്ഞ അഞ്ച് മാസമായി നേരിട്ട ക്രൂരപീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ചു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് അനുരാഗ് സിങ് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് അനുരാഗിന്റെ മറുപടി.
അഞ്ച് മാസം മുമ്പാണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗും മധു സിങ്ങും വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. പ്രതിയായ അനുരാഗ് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരി 25 ന് ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മധു-അനുരാഗ് വിവാഹം നടന്നത്. അനുരാഗ് ഹോങ്കോങ്ങിലെ ഒരു ഷിപ്പ് മാനേജ്മെന്റ് സ്ഥാപനത്തില്‍ സെക്കന്‍ഡ് ഓഫീസറായി ജോലി ചെയ്തിരുന്നു. വിവാഹ സമയത്ത് അനുരാഗ് സ്ത്രീധനമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മധുവിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ 5 ലക്ഷം രൂപ മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് കുടുംബം അറിയിച്ചു. ആവശ്യപ്പെട്ടയത്ര സ്വര്‍ണം നല്‍കാനും സാധിക്കില്ലെന്ന് അറിയിച്ചു.
വിവാഹത്തിന് ശേഷം അനുരാഗ് പലതവണ വിളിച്ച് സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതായി മധുവിന്റെ പിതാവ് ഫത്തേ ബഹാദൂര്‍ സിംഗ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
















Discussion about this post