ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാല്‍ ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.
അതേസമയം സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെന്‍സസ് സാമൂഹ്യ സ്പര്‍ധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കര്‍ണാടകത്തിലടക്കം ജാതി സെന്‍സസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021 ല്‍ നടത്തേണ്ട സെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല.
Discussion about this post