ബംഗളൂരു: ഗൂഗിള്‍ മാപ്പ് നോക്കി ഗോവയ്ക്ക് പോയ കുടുംബം കാടിനുള്ളില്‍ കുടുങ്ങി. ബീഹാറില്‍ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളില്‍ കുടുങ്ങിയത്.
കര്‍ണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിലാണ് കുടുംബത്തിന് ഒരു രാത്രി മുഴുവന്‍ കഴിയേണ്ടി വന്നത്.
ഗൂഗിള്‍ മാപ്പ് ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേയ്ക്ക് കുടുംബത്തെ നയിക്കുകയായിരുന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് പോയി. ദുര്‍ഘടമായ ഭൂപ്രദേശത്തിലൂടെയുള്ള യാത്രയ്ക്കിടെ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജും നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി.
വനത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ കാറില്‍ രാത്രി ചെലവഴിക്കാന്‍ കുടുംബം നിര്‍ബന്ധിതരാകുകയായിരുന്നു. പുലര്‍ച്ചെ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജുള്ള ഒരു ലൊക്കേഷന്‍ കണ്ടെത്താനായി കുടുംബത്തിന് 4 കിലോ മീറ്റര്‍ നടക്കേണ്ടി വന്നു. എമര്‍ജന്‍സി ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടാന്‍ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്.
ലോക്കല്‍ പോലീസ് വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയും ചെയ്തു.
















Discussion about this post