അഹമ്മദാബാദ്: നീണ്ടകാലത്തെ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി കാമുകി. ഗുജറാത്തിലാണ് സംഭവം. എട്ട് വർഷമായുള്ള പ്രണയബന്ധം തന്റെ ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ രാകേഷ് ബ്രഹംഭട്ട് ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ പ്രകോപിതയായ 40കാരി ആക്രമണം നടത്തുകയായിരുന്നു.
കൃത്യം നടത്തിയതിന് പിന്നാലെ രണ്ടുകുട്ടികളുടെ അമ്മയായ മെഹ്സാബിൻ ചുവാരയെ പോലീസ് പിടികൂടി. അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്പോർട്ട് സർവീസ് ജീവനക്കാരനായിരുന്നു രാകേഷ് ഭട്ട്.
ഇരുവരും ബന്ധം പിരിയുന്നതിനെ ചൊല്ലി ശനിയാഴ്ച തർക്കമുണ്ടായിരുന്നു. 26 വർഷത്തിലേറെയായി എഎംടിഎസിൽ ജീവനക്കാരനാണ് ഭട്ട്. രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന മെഹ്സാബിനുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധം എട്ടു വർഷത്തോളം തുടർന്നു.
ഇതിനിടയിലാണ് രാകേഷ് ഭട്ടിന്റെ ഭാര്യ ഈ ബന്ധത്തെ കുറിച്ച് അറിയുന്നതും പ്രശ്നങ്ങൾ ആരംഭിച്ചതും.
Discussion about this post