മുംബൈ : വിചിത്രമായ വിധിയുമായി ബോംബെ ഹൈക്കോടതി. പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ‘ഗഞ്ച’യുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആഗസ്റ്റ് 29ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിയുടെ വസതിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത വസ്തുക്കളിലും രാസപരിശോധനയ്ക്കായി എൻസിബി അയച്ച സാമ്പിളിലും പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എൻഡിപിഎസ്(നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് സെക്ഷൻ 8 (സി) (മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുക, നിർമ്മിക്കുക അല്ലെങ്കിൽ കൈവശം വയ്ക്കുക) പ്രകാരമുള്ള കുറ്റങ്ങൾക്ക് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയ കുനാൽ കാഡുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 2021 ഏപ്രിലിൽ കാഡുവിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച ഇല കണ്ടെടുത്തുവെന്നാണ് എൻസിബി പറയുന്നത്.
പച്ച ഇലകളുള്ള പദാർത്ഥം കഞ്ചാവാണെന്നും കണ്ടെടുത്തതിന്റെ ആകെ ഭാരം 48 കിലോ ആയതിനാൽ അത് വാണിജ്യ അളവിന്റെ നിർവചനത്തിന് കീഴിലാണെന്നും എൻസിബി അവകാശപ്പെട്ടു. ‘വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് കഞ്ചാവിന് തുല്യമാകുമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ ഇത് കഞ്ചാവായി കണക്കാക്കില്ല,” കോടതി പറഞ്ഞു. എൻഡിപിഎസ് നിയമത്തിന് കീഴിലുള്ള ഗഞ്ചയുടെ നിർവചനത്തെ ആശ്രയിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡാംഗ്രെയുടെ നിരീക്ഷണം.
നിലവിലെ കേസിൽ, പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പദാർത്ഥത്തിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും അതിനാൽ കഞ്ചാവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ”വാണിജ്യ അളവിൽ ഇടപാട് നടത്തിയതിന് അപേക്ഷകൻ (കാഡു) കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു” വെന്നും ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. കഡുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.
Discussion about this post