ഗുവാഹത്തി : വാക്സിനേഷന് വേഗത്തിലാക്കാനൊരുങ്ങി ആസാം സര്‍ക്കാര്‍. ഈ മാസം 21 മുതല്‍ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് വാക്സീന് നല്കാന് സര്‍ക്കാര്‍ തയ്യാറെടുപ്പ് തുടങ്ങി.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും സെക്രട്ടറിമാരും അതാത് ജില്ലകള്‍ സന്ദര്‍ശിച്ച് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗുവാഹത്തിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.തോട്ടംമേഖല പോലുള്ള ഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു.
സംസ്ഥാനത്തൊട്ടാകെ ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന വാക്സിനേഷന് പ്രചാരണത്തിന്റെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ അവലോകനം ചെയ്ത മുഖ്യമന്ത്രി വാക്സിനേഷന് ഡ്രൈവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 21 മുതല്‍ 30 വരെ ദിവസേന മൂന്ന് ലക്ഷം പേര്‍ക്ക് വാക്സീന് നല്കാന് ലക്ഷ്യമിടുന്നുവെന്ന് അറിയിച്ചു.അടുത്ത ഒരാഴ്ച മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഹിമാന്ത പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും തുറക്കും. ഈ മാസത്തിനുള്ളില്‍ തന്നെ കുത്തിവെയ്പ്പ് എടുക്കാന്‍ അദ്ദേഹം ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷനോടൊപ്പം വാക്സീന് സെന്ററുകളിലെ തല്‍സമയ രജിസ്ട്രേഷന് സൗകര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിന്റെ പ്രാധാന്യവും ഹിമാന്ത ബിശ്വ ശര്‍മ ഊന്നിപ്പറഞ്ഞു. മികച്ച രീതിയില്‍ വാക്സിനേഷന് പ്രവര്‍ത്തനം നടത്തി മെഗാ വാക്സിനേഷന് പ്രവര്‍ത്തനങ്ങളില്‍ ആസാം മാതൃക തീര്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post