ശ്രീനഗര്‍: സൈനികന്റെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സൈനികന്റെ വസ്ത്രങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. സൈനികന് താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് വസ്ത്രങ്ങള്‍ ലഭിച്ചത്.
മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ പ്രദേശികവാസികളാണ് ആദ്യം കണ്ടത്. ശേഷം സുരക്ഷാജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് ഷാക്കിര്‍ മന്‍സൂര്‍ എന്ന സൈനികനെ ഷോപ്പിയാനിലെ റെഷിപോരയില് നിന്നു കാണാതായത്. ഇദ്ദേഹത്തിന്റെ കാര്‍ കത്തിനശിപ്പിച്ച നിലയില്‍ കുല്‍ഗാമില്‍നിന്നു കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥലങ്ങളില്‍നിന്നു ലഭിച്ച വസ്ത്രങ്ങള്‍ ഷാക്കിറിന്റേത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.
സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാവാമെന്നാണ് സൈന്യത്തിന്റെ സംശയം. എന്നാല്‍ ഷാക്കിറിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സന്ദേശം തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഷാക്കിറിന്റെ തിരോധാനത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Discussion about this post