ചെന്നൈ: കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ‘ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍’ ലോകത്തു നിന്നും വിടവാങ്ങി. രോഗികളില്‍ നിന്ന് ഫീസായി വെറും പത്തു രൂപ മാത്രം വാങ്ങി ചികിത്സിച്ചിരുന്ന ഡോ സി മോഹന്‍ റെഡ്ഡി (84) മരണപ്പെട്ടു.
വില്ലിവാക്കത്തെ സാധാരണക്കാര്‍ക്കെല്ലാം തുണയായിരുന്നു മോഹന്‍ റെഡ്ഡി ഡോക്ടര്‍. സാധാരണക്കാര്‍ക്ക് ചികിത്സ നല്‍കാനായി 30 ബെഡ്ഡുകളുള്ള അദ്ദേഹത്തിന്റെ ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു. ആശ്രയിച്ചെത്തുന്ന ആരോടും അദ്ദേഹം ഇതുവരെ നോ പറഞ്ഞിരുന്നില്ല.
രോഗികളില്‍ നിന്ന് ആകെ ഫീസായി വാങ്ങിയിരുന്നത് വെറും പത്ത് രൂപമാത്രമാണ്. അതും നല്കാന് കഴിയാത്തവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യം. ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് അദ്ദേഹം ജന്മദിനം ആഘോഷിച്ചത്.
കൂടാതെ ലോക് ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഡോ. മോഹന്‍ റെഡ്ഡിയുടെ പത്തു വര്‍ഷത്തെ സേവനത്തെ തമിഴ്നാട് സര്‍ക്കാര്‍ മുമ്പ് ആദരിച്ചിരുന്നു. അസുഖം വന്നാല്‍ ഓടിയെത്താന്‍ ഏതു സമയത്തും മോഹന്‍ റെഡ്ഡിയുടെ ആശുപത്രി തുറന്നുകിടപ്പുണ്ടല്ലോ എന്നതായിരുന്നു നാട്ടുകാരുടെ ആശ്വാസം.
അടുത്തിടെയാണ് മോഹന്‍ റെഡ്ഡിയെ കോവിഡ് പിടികൂടിയത്. ഡോക്ടര്‍ കോവിഡ് ബാധിതനായിരുന്നെങ്കിലും മരണത്തിനു തൊട്ടുമുന്‍പുള്ള പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ”അദ്ദേഹം കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുകയും റിസള്‍ട്ട് നെഗറ്റീവ് ആകുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറു മൂലം മരണം സംഭവിക്കുകയായിരുന്നു.” എന്ന് അദ്ദേഹത്തിന്റെ സഹോദരനും വാസ്കുലര്‍ സര്‍ജനുമായ ഡോ. സിഎംകെ റെഡ്ഡി പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ‘ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍’ ഓര്‍മ്മയായത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശ്രയിച്ചെത്തിയിരുന്ന വില്ലിവാക്കത്തെ സാധാരണക്കാരും ചേരിനിവാസികളുമെല്ലാം ഇന്ന് ഡോക്ടറുടെ മരണവാര്‍ത്തയറിഞ്ഞ് ദുഃഖത്തിലാണ്. ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ്
Discussion about this post