കൊല്‍ക്കത്ത: കഴിഞ്ഞ ദിസവമായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ 48-ാം ജന്മദിനം. ഈ ആഘോഷത്തിന്റെ ഭാഗമായി സ്പോര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്സ്കീഡയുടെ ഫ്രീ ഹിറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത ഗാംഗുലി തന്റെ കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്പത്തില്‍ പ്രേതത്തെ കണ്ട് ഞെട്ടിവിറച്ച കഥയാണ് ഗാംഗുലി പങ്കുവെച്ചത്.
ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ;
‘ഞാന്‍ എന്റെ വീട്ടില്‍വെച്ച് പ്രേതത്തെ കണ്ടിട്ടുണ്ട്. എന്റെ വീട്ടില്‍ ജോലിക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു ഞായറാഴ്ച്ച വൈകുന്നേരം കുടുംബത്തോടൊപ്പം വീടിന്റെ മുകള്‍നിലയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. അന്ന് എനിക്ക് 12-13 വയസ്സായിരുന്നു പ്രായം. എല്ലാവര്ക്കും ചായ വേണമെന്ന് വേലക്കാരനോട് പറയാനായി ഞാന്‍ അടുക്കളയിലേക്ക് പോയി. ഞാന്‍ അടുക്കളയില്‍ ചെന്നുനോക്കിയപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. അയാളെ അടുക്കളയില്‍ കാണാനില്ലെന്ന് ഞാന്‍ വീട്ടുകാരോട് പറഞ്ഞു. ടെറസിലുണ്ടാകും, അവിടെ പോയി നോക്കൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി.
ഞാന്‍ ടെറസില്‍ പോയി നോക്കിയപ്പോള്‍ അവിടേയും കണ്ടില്ല. വീടിന് അടുത്ത് ഏതാനും കുടിലുകളുണ്ടായിരുന്നു, അവിടേയും അയാള കണ്ടില്ല. അപ്പോഴാണ് അയാള്‍ ഞങ്ങളുടെ ആറു നിലയുള്ള കെട്ടിടത്തിന്റെ ടെറസിന്റെ അരികിലൂടെ അതിവേഗം ഓടുന്നതു കണ്ടത്. അവിടെ നിന്ന് താഴെവീണാല്‍ പൊടിപോലും ബാക്കിയാകില്ല എന്നുറപ്പാണ്. അയാളോട് ഇറങ്ങിവരാന്‍ ഞാന്‍ വിളിച്ചുപറഞ്ഞു. പക്ഷേ അയാള്‍ കേട്ടില്ല. ഇതോടെ ഞാന്‍ ഇക്കാര്യം അമ്മാവനോട് പറയാനായി ഓടി താഴേക്കിറങ്ങി.
അയാള്‍ക്ക് ഭ്രാന്തായെന്ന് തോന്നുന്നു എന്ന് ഞാന്‍ അമ്മാവനോട് പറഞ്ഞു. ഇതോടെ വീട്ടുകാരെല്ലാം ടെറസിലേക്ക് ഓടിച്ചെന്നു. പക്ഷേ അയാളെ കണ്ടില്ല. താഴെ വീണിട്ടുണ്ടെങ്കില്‍ എവിടെയായിരിക്കും വീണിട്ടുണ്ടാകുക എന്ന് നോക്കാനായി ഞങ്ങള്‍ തിരഞ്ഞപ്പോള്‍ വീടിനോട് ചേര്‍ന്നുനില്‍ക്കുന്ന പനകളിലെ ഓലകളിലൊന്നില് അയാള്‍ കിടക്കുന്നു. താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ കേട്ടില്ല. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി കൈകാലുകള്‍ ബന്ധിച്ചാണ് അയാളെ താഴെയിറക്കിയത്.
തൊട്ടടുത്ത ദിവസം വൈകുന്നേരം അയാള്‍ വീണ്ടും ജോലിക്കെത്തി. എന്നാല്‍ അയാളെ കണ്ടതോടെ ഞങ്ങളെല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. ആരും ഓടരുതെന്ന് അയാള്‍ അപേക്ഷിച്ചു. ചില ദിവസങ്ങളില്‍ തന്റെ ശരീരത്തില്‍ അമ്മ കയറുമെന്നും അതുകൊണ്ടാണ് ഇന്നലെ അസാധാരണമായി പെരുമാറിയതെന്നും അയാള്‍ പറഞ്ഞു’.
Discussion about this post