ഭോപ്പാല്‍: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ദീപിക തന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് ധൈര്യത്തിന് ഒരു മാതൃക തന്നെ കാണിച്ചുതന്നുവെന്നാണ് സിന്ധ്യ പറഞ്ഞത്.
‘സത്യത്തോടൊപ്പം ഉറച്ച് നിന്നതിന് ഞാന്‍ ദീപികയെ അഭിനന്ദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക തന്നെ കാണിച്ചുതന്നു. ദീപികയ്ക്കെതിരായ അഭിപ്രായങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്ക് അനുസൃതമല്ല, അപലപിക്കപ്പെടണം’ എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.
അതേസമയം രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ ആരോപണത്തോടും സിന്ധ്യ പ്രതികരിച്ചു. ‘രാജ്യത്ത് കലാപങ്ങളൊന്നും നടക്കുന്നില്ലെന്ന് ഞാന്‍ ആദ്യമേ തന്നെ പറയാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാര്‍, പ്രത്യേകിച്ച് യുവാക്കള്‍, അവരുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്വം ജനങ്ങളെ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്’ എന്നാണ് സിന്ധ്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
Discussion about this post