ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയിൽ നിന്നും ഒരിഞ്ച് പുറകോട്ടില്ലെന്ന് ബിജെപി തറപ്പിച്ച് പറയുമ്പോഴും എൻഡിഎയിലെ മറ്റ് ഘടകക്ഷികൾ എതിർപ്പുമായി രംഗത്ത്. ഘടകകക്ഷികളായ ശിരോമണി അകാലിദളും ജെഡിയുവും നിയമത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് നിലപാട് കടുപ്പിച്ചതോടെയാണ് എൻഡിഎയിൽ പ്രതിസന്ധി ഉടലെടുത്തത്. പൗരത്വം നൽകുന്നവരിൽ മുസ്ലീങ്ങളെ ഒഴിവാക്കിയതിനെയാണ് ശിരോമണി അകാലിദളും ചോദ്യം ചെയ്യുന്നത്. മുസ്ലീങ്ങളേയും പൗരത്വത്തിനായി പരിഗണിക്കണമെന്നാണ് ശിരോമണി അകാലിദളിന്റെ ആവശ്യം. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാർത്ഥികളെ പരിഗണിക്കുമ്പോൾ മുസ്ലീങ്ങളെ ഒഴിവാക്കാനാകില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. എല്ലാവർക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദർശനത്തിന് എതിരാണ് പുതിയ നിയമമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് മുസ്ലീങ്ങളെ നിയമത്തിൽ ഉൾപ്പെടുത്താത്തത്? പാകിസ്താനിലെ അഹമ്മദിയ വിഭാഗം ഉൾപ്പെടെയുള്ള മുസ്ലീങ്ങളെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തണം. അവരും മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്നുണ്ട്’ ബാദൽ നിലപാട് വ്യക്തമാക്കി.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയാണ് എൻഡിഎയിലെ മറ്റൊരു ഘടകകക്ഷിയായ ജെഡിയുവിന്റെ പ്രതിഷേധം. എൻഡിഎ അടിയന്തരമായി യോഗം വിളിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ ഈ യോഗത്തിന് വളരേയേറെ പ്രധാന്യമുണ്ടെന്നും ജെഡിയു വക്താവ് കെസി ത്യാഗി പറഞ്ഞു.
പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കുന്നവരുടെ ആശങ്കകൾ പരിഗണിക്കണമെന്നാണ് എൽജെപിയുടെ ആവശ്യം.
Discussion about this post