ന്യൂഡല്‍ഹി : ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ GAY എന്ന കോഡില്‍ മാറ്റം വരുത്തണമെന്ന് പാര്‍ലമെന്ററി പാനല്‍. കോഡ് പുണ്യനഗരമായ ഗയയ്ക്ക് അനുയോജ്യമല്ല എന്നാണ് പാനല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഈ കോഡ് നീക്കം ചെയ്ത് പകരം YAG എന്ന കോഡ് നല്‍കണമെന്ന ശുപാര്‍ശയും പാനലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. പുണ്യനഗരത്തിന് അനുയോജ്യമായ പേര് എയര്‍പോര്‍ട്ട് കോഡ് ആയി നല്‍കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്നാണ് പാനലിന്റെ ആവശ്യം.
ഇതിനെത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയം നടപടി സ്വീകരിക്കാന്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (IATA) റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. IATA ആണ് വിമാനത്താവളങ്ങള്‍ക്ക് കോഡ് നല്‍കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ അല്ലാതെയുള്ളവയ്ക്ക് വേണ്ടി എയര്‍പോര്‍ട്ട് കോഡ് മാറ്റാന്‍ സാധിക്കില്ലെന്നാണ് IATA വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
കോഡ് സ്ഥിരമാണെന്നും സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ എന്നും IATA കേന്ദ്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post