ന്യൂഡല്‍ഹി : കോവീഷീല്‍ഡിന്റെ അംഗീകാരത്തിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറാപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ).
“യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളില്‍ കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി നിര്‍മാതാക്കള്‍ ഇഎംഎയ്ക്ക് ഔദ്യോഗിക അപേക്ഷ നല്‍കേണ്ടതുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അതിതു വരെ ലഭിച്ചിട്ടില്ല.” ഇഎംഎ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫൈസര്‍,മോഡേണ,ആസ്ട്രസെനെക്ക,ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സീനുകളാണ് ഇഎംഎ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.
കോവിഷീല്‍ഡ് ഇഎംഎ അംഗീകരിക്കുമെന്ന പൂര്‍ണ വിശ്വാസമുണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അടാര്‍ പൂനവാല നേരത്തേ അറിയിച്ചിരുന്നു. ഒരു മാസം മുമ്പ് തന്നെ പങ്കാളികളായ ആസ്ട്രസെനെകയുമായി ചേര്‍ന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും അപേക്ഷ പരിഗണിക്കുന്നതിനായി കാലതാമസം എടുക്കുമെന്നും 2021ലെ ഗ്ലോബല്‍ ഇന്ത്യ ഫോറത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Discussion about this post