ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടെ മിയാന്റെ’ പ്രമോഷന് എത്തിയ താരങ്ങളെ കാണാൻ തടിച്ചുകൂടിയ ആരാധകർക്ക് നേരെ പോലീസ് ലാത്തിപ്രയോഗം. ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷനായി എത്തിയതായിരുന്നു താരങ്ങൾ.
ഇവരെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ശക്തമായ സുരക്ഷയും പോലീസ് ഒരുക്കിയിരുന്നു. എന്നാൽ, പരിപാടിക്കിടെ ജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും പോലീസ് ഒരുക്കിയ ബാരിക്കേഡുകൾ മറികടക്കുകയും ചെയ്തു. ഇതിനിടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് നടപടിയിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഈ റിപ്പോർട്ടുകൾ പോലീസ് നിഷേധിച്ചു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗർ ഷ്റോഫും സമ്മാനങ്ങൾ വാരിവിതറിയതോടെയാണ് ആൾക്കൂട്ടത്തിനിടയിൽ ഉന്തും തള്ളും ശക്തമായത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാർജ് നടപടിയെടുത്തില്ലെന്ന നിലപാടിലാണ് പോലീസ്. ബാരിക്കേഡും തകർത്ത് വേദിയിലേക്ക് ആരാധകർ ഓടിയടുത്തതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ജനക്കൂട്ടം ചെരിപ്പേറ് നടത്തിയെന്നും സൂചനയുണ്ട്.
അതേസമയം, സംഭവത്തിനു പിന്നാലെ പരിപാടി പൂർത്തിയാക്കാതെ താരങ്ങൾ വേദി വിട്ടു രക്ഷപ്പെടുകയായിരുന്നു.
Discussion about this post