ടൊവീനോ നായകനാകുന്ന ചിത്രം തല്ലുമാലയുടെ ലൊക്കേഷനിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. ഈ ആരോപണം സിനിമയുടെ അണിയറപ്രവർത്തകരും നിഷേധിച്ചു. ‘തല്ലുമാല’ എന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം. എച്ച് എം ടി കോളനിയിലാണ് സിനിമയ്ക്കായി സെറ്റ് ഇട്ടിരിക്കുന്നത്.
ഇവിടെ സിനിമക്കാർ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ ഷൈൻ ടോം ചാക്കോ മർദ്ദിച്ചെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറയുന്നു. അടുത്തിടെ ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തിൽ പെട്ടിരുന്നു.
‘വെയിൽ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതികരണത്തിൽ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൈൻ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമൻറുകൾ ഈ അഭിമുഖങ്ങൾക്കു താഴെ നിറഞ്ഞിരുന്നു. ട്രോൾ വീഡിയോകളും ഈ ദൃശ്യങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. എന്നാൽ യഥാർഥത്തിൽ ഷൈൻ പരുക്കിനെ തുടർന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് രചന.ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കുന്നു.
Discussion about this post