തന്റെ കുഞ്ഞുമകന് പേരിട്ട വിശേഷം ആരാധകരുമായി പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി. ഇസൈ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ മാർച്ചിലാണ് മണികണ്ഠനും ഭാര്യ അഞ്ജലിക്കും മകൻ പിറന്നത്.
‘ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ’- മണികണ്ഠൻ ആചാരി ഫേസ്ബുക്കിൽ കുറിച്ചു.
തനിക്ക് മകൻ പിറന്ന സന്തോഷം ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് താരം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത്. ഇപ്പോൾ കുഞ്ഞിന് പേരിട്ട സന്തോഷവും ആദ്യം ആരാധകരെ തന്നെ അറിയിക്കുകയാണ് മണികണ്ഠൻ. നിരവധി പേരാണ് കുടുംബത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.’
കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠനെന്ന കലാകാരനെ മലയാള സിനിമയ്ക്ക് ലഭിച്ചത്. കോവിഡ് ലോക്ക്ഡൗൺ കാലത്തായിരുന്നു മണികണ്ഠനും മരട് സ്വദേശിനിയായ അഞ്ജലിയും വിവാഹിതരായത്.
വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും വ്യത്യസ്തരായിരുന്നു.
Discussion about this post