കൊച്ചി: തന്റെ വളര്‍ത്തുനായ്ക്കളെ പരിപാലിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് സംഗീത സംവിധായകന് ഗോപി സുന്ദര്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് വളച്ചൊടിച്ച് വാര്‍ത്ത നല്കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍ ഇപ്പോള്‍.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോശം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സര് പട്ടികള്‍ . അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക എന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്
===============
സോഷ്യല്‍ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവില്‍ തന്നെ തെറിവിളിയും കിട്ടും. സോഷ്യല്‍ മീഡിയയുടെ തലോടല്‍ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാന്‍. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റില്‍ തന്നെയാണ് ഉള്‍ക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴില്‍ പരമായോ ഉള്ള ഒരു വിമര്‍ശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളില്‍ കൂടുതല്‍ സന്തോഷിക്കാറുമില്ല.
ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോള്‍ 7 പട്ടികളുണ്ട്. ഇതില്‍ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യന് കലിപ്പ് തീര്‍ക്കാന്‍ ,വെട്ടും കൊലയും പരിശീലക്കാന്‍ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.
ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോള്‍ അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാള്‍ക്ക് ജോലി കിട്ടിയാല്‍ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )
മോശം കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സര് പട്ടികള്‍ . അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എന്റെ ഈ particular post നെ ട്രോളിയവരോട് ,അത് വാര്‍ത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു
ഇത് കാശിന്റെ തിളപ്പമല്ല സര്
കനിവാണ് സ്നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു ??????
സ്നേഹം
ഗോപീസുന്ദര്‍
Discussion about this post