ബോളിവുഡിനെ അടക്കി വാഴുന്ന താരമാണ് കിങ് ഖാൻ എന്ന് വിളിക്കുന്ന ഷാരൂഖ് ഖാൻ. താരത്തെ സംബന്ധിച്ച ഓരോ കാര്യവും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവാറുമുണ്ട്. മക്കളുടെ സിനിമാപ്രവേശനം, ഭാര്യ ഗൗരി ഖാന്റെ പുതിയ പദ്ധതികൾ, വീട് ഒക്കെ സോഷ്യൽമീഡിയയിൽ വലിയ ശ്രദ്ധനേടാറുമുണ്ട്. ഇത്തവണയും ഷാരൂഖ് ഖാന്റെ വീടാണ് വാർത്തയിലെ താരം.
മുംബൈയിലെ മന്നത്തിനെ ചുറ്റിപ്പറ്റി കൊവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാർത്തയാണ് പുറത്തു വരുന്നത്. താരം സ്വന്തം വീട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരിക്കുകയാണ്. പുറത്തേക്ക് കാണുന്ന ഭാഗമെല്ലാം ഷീറ്റ് കൊണ്ട് കവർ ചെയ്തത് കൊവിഡിനെ ഭയന്നിട്ടാണെന്നാണ് ട്വിറ്ററാറ്റികളുടെ സംശയം. മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നതിനിടെയാണ് സംഭവം ശ്രദ്ധനേടിയതും. ബച്ചൻ കുടുംബം അടക്കം ചികിത്സയിലാകുകയും ചെയ്ത സമയത്തു തന്നെ ഷാരൂഖ് വീട് ഇങ്ങനെ മൂടിയതു കൊറോണയെ ഭയന്നുതന്നെയാകണമെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞ മന്നത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്നാൽ സംഭവത്തിന് പിന്നിൽ കൊറോണ ഭയമല്ലെന്നും മുംബൈയിൽ മഴ കനത്തത് കാരണമാണെന്നുമാണ് വിവരം. മുമ്പും കിങ് ഖാൻ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നു. മഴക്കാലത്ത് അറ്റകുറ്റപണികൾ നടന്നപ്പോൾ ഇത്തരത്തിൽ ചെയ്തിരുന്നുവെന്ന വാർത്തയും ഇപ്പോൾ വൈറലാണ്.
Discussion about this post