കാക്കനാട്: മോഷ്ടിച്ച ബുള്ളറ്റിലിരുന്നെടുത്ത സെല്‍ഫി കള്ളനെ കുടുക്കി. കണ്ണൂര്‍ സ്വദേശിയായ ദാറുല്‍ ഫലാഹില്‍ അജു എന്ന ഇസ്മയിലാണ് (25) തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
മോഷ്ടിച്ച ബുള്ളറ്റുമായി യാത്ര ചെയ്തു മോഷണം നടത്തിവരികയായിരുന്ന ഇയാളെ ശനിയാഴ്ച ഉച്ചയ്ക്ക് ആലുവയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വാഴക്കാലയിലെ ബേക്കറിയില്‍ നാലു മാസത്തോളം ജോലി ചെയ്യുകയായിരുന്നു ഇസ്മയില്‍. ഇതിനിടെ മേയ് 22ന് വാഴക്കാല മൂലേപ്പാടംലൈനിലെ വീട്ടില്‍നിന്ന് എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഷ്ടിച്ച് മുങ്ങുകയായിരുന്നു.
ഇസ്മയില്‍ മോഷ്ടിച്ച ബുള്ളറ്റിലിരുന്ന് എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് അപ്ഡേറ്റ് നിരീക്ഷിച്ചു സൈബര്‍ സെല്ലാണ് ഇയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.
പിടിയിലാവുമ്പോള്‍ അഞ്ച് മൊബൈല്‍ ഫോണുകളും രണ്ടു സ്വര്‍ണമോതിരവും പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. മോഷ്ടിക്കുന്ന മൊബൈലിന്റെ നമ്പറുകളില്‍ നിന്നാണ് ഇയാള്‍ സുഹൃത്തുക്കളെയും കാമുകിയെയും വിളിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ കാമുകിയുടെ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ച പോലീസ് രാത്രി കാലങ്ങളില്‍ വന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചാണ് ഇസ്മയിലിനെ കുടുക്കിയത്.
Discussion about this post