ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വേദന..! ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്ന ആ അനുഭവം; കാന്‍സറിന്റെ വികൃതമുഖം തുറന്ന് കാണിച്ച് നടി സൊനാലി ബിന്ദ്രെ
തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞ ആ നിമിഷം മനസ് തളരാതെ ഉറച്ച് നിന്നുബോളിവുഡ് നടി സൊനാലി ബിന്ദ്രെ. പോസിറ്റീവ് ചിന്തകള്‍ പങ്കുവെച്ച് എല്ലാവരേയും സങ്കടത്തില്‍ നിന്ന് കരകയറ്റി. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാകാന്‍ താരത്തിന് കഴിഞ്ഞു. മുടി മുഴുവന്‍ മുറിച്ചപ്പോഴും താരം പങ്കുവെച്ചത് നിരാശയോ വിഷമമോ ആയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ആദ്യമായി രോഗത്തിന്റെ വേദനിപ്പിക്കുന്ന മറ്റൊരു വശത്തെക്കുറിച്ച് തുറന്നുപറയുകയാണ് സൊനാലി. വേദനകളെക്കുറിച്ചും കടന്നുപോയ ദിവസങ്ങളെക്കുറിച്ചും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സൊനാലിയുടെ കുറിപ്പ് ഇങ്ങനെ;
നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ചേര്‍ന്ന കുറച്ച് മാസങ്ങളാണ് കഴിഞ്ഞുപോയത്. ഒരു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത വിധം കടുത്ത വേദനയനുഭവിച്ച ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇതൊരു ഭ്രമണമാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരികവേദനയില്‍ തുടങ്ങി മാനസികവേദനയിലേക്ക് നീങ്ങുന്നതുപോലെ. കീമോക്ക് ശേഷവും സര്‍ജറിക്ക് ശേഷവും ചീത്ത ദിനങ്ങളായിരുന്നു. ചിരിക്കുന്നതുപോലും എന്നെ വേദനിപ്പിച്ചു. ഓരോ മിനിട്ടിലും ഞാന്‍ പോരാടുകയായിരുന്നു. ഈ ചീത്ത ദിവസങ്ങള്‍ അനുഭവിക്കാന്‍ നമുക്ക് അനുവാദമുണ്ട് എന്നതെപ്പോഴും ഓര്‍മ്മ വേണം. എപ്പോഴും സന്തോഷമായിരിക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നതില്‍ കാര്യമൊന്നുമില്ല.
കരയാനും വേദന അനുഭവിക്കാനും സ്വയം സഹതപിക്കാനും ഞാന്‍ എന്നെ അനുവദിച്ചു. നിങ്ങളുടെ വേദന നിങ്ങള്‍ക്ക് മാത്രമെ അറിയൂ, നിങ്ങളത് ഉള്‍ക്കൊണ്ടേ മതിയാകൂ. നെഗറ്റീവ് ചിന്തകള്‍ വന്നാലും അതില്‍ തെറ്റൊന്നുമില്ല. പക്ഷേ ഒരു ഘട്ടത്തിനപ്പുറം അവയെ തിരിച്ചറിയണം, അവ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാന്‍ അനുവദിക്കരുത്. ആ ഘട്ടത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഉറക്കം അതിന് സഹായിക്കും. കീമോക്ക് ശേഷം പ്രിയപ്പെട്ട സ്മൂത്തി കഴിക്കുന്നത്, മകനോട് സംസാരിക്കുന്നത് എല്ലാം സഹായിച്ചു. ചികിത്സ തുടരുകയാണ്. സുഖം പ്രാപിക്കുന്നതും വീട്ടിലേക്ക് മടങ്ങുന്നതുമാണ് എന്റെ മുന്നിലുള്ളത്. ഇത് മറ്റൊരു പരീക്ഷണമാണ്. ജീവിതകാലം മുഴുവന്‍ ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ജീവിതം മുഴുവന്‍ ഞാന്‍ പഠിക്കുകയാണ്..
Discussion about this post