കൊല്ലം: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോട് പൊതുവെ ഏവര്‍ക്കും പ്രിയമായിരിക്കും. കുട്ടികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടതില്ല. പ്രിയം ഏറെയായിരിക്കും. അതിന് തെളിവാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒരു കത്ത്. വിറ്റുപോയ ആട്ടിന്കുട്ടികളോട് കുഞ്ഞുങ്ങള്‍ക്കുള്ള ഇഷ്ടമാണ് കത്തിലെ അടിസ്ഥാനം.
വിറ്റുപോയ ആട്ടിന്‍കുട്ടികളെ കാണണമെന്ന് ആഗ്രഹിച്ച് ചെന്നപ്പോള്‍ ഉടമസ്ഥനെയും വീട്ടുകാരെയും കാണാനായില്ല. ശേഷം തിരികെ മടങ്ങി ഈ കുഞ്ഞുങ്ങള്‍. പകരം ഒരു കത്ത് അവര്‍ക്ക് എഴുതി. ഞങ്ങള്‍ വന്നപ്പോള്‍ ആരും ഇല്ലായിരുന്നുവെന്നും ഇനി വന്നാല്‍ ആട്ടിന്‍കുട്ടികളെ കാണാന്‍ അവസരം തരുമോ എന്നും ചോദിച്ചാണ് ഇവര്‍ കത്ത് എഴുതി വെച്ചത്. നിതിന്‍ ജി നെടുമ്പിനാല്‍ ആണ് ചെറിയൊരു കുറിപ്പോടു കൂടി കുട്ടികളുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
എഴുതിയ കത്ത് ഇങ്ങനെ;
”പ്രിയപ്പെട്ട അങ്കിള്‍,
എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്മിഷന് തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു
എന്ന്
ആടുകളെ വില്ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍”
നിതിന്‍ ജി നെടുമ്പിനാല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ;
ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോള്‍ ഏതോ കുട്ടികള്‍ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.. ഒന്ന് വായിച്ചപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു കുളിര്‍മ തോന്നി. ആ കുട്ടികളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികള്‍..!
വന്നോപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തില്‍…! ഉടമസ്ഥന് വിറ്റിട്ടും,,,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികള്‍ നല്കുന്ന സന്ദേശം വളരെ വലുതാണ്.. ‘എനിക്കും അനിയനും അതിനെ(ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാന്‍..
Discussion about this post