തൃശ്ശൂര്‍: സിവില്‍ സര്‍വീസില്‍ അഖിലേന്ത്യാ തലത്തില്‍ 29-ാം റാങ്ക് നേടിയ ശ്രീലക്ഷ്മി റാമിന്റെ നേട്ടത്തിന് മാറ്റുകൂടുന്നത് അവര്‍ സ്വയം പഠിച്ചെടുത്ത് നേടി എന്നതുകൊണ്ടും കൂടിയാണ്. ഒരു പരിശീലന ക്ലാസിലും പങ്കെടുക്കാതെയാണ് കിഴക്കേ കടുങ്ങല്ലൂര്‍ സഹജഗ്രാമം പ്രസന്ന വീട്ടില്‍ ശ്രീലക്ഷ്മി റാം കേരളത്തില്‍ ഒന്നാമതെത്തിയത്.
സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പഠനശേഷം മറ്റ് ജോലികള്‍ക്കും പരിശീലനത്തിനും പോകാതെ സ്വയം പഠിച്ചാണ് ശ്രീലക്ഷ്മി പരീക്ഷകള്‍ എഴുതിയത്. എന്നും ലക്ഷ്യം ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേര്‍ക്കുക എന്നതു തന്നെയായിരുന്നു.
എസ്ബിഐയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്റേയും ബി കലാദേവിയുടേയും മകളാണ് ശ്രീലക്ഷ്മി റാം. മാര്‍ച്ച് 31നാണ് കലാദേവി ബാങ്കിങ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് കൃത്യം അഞ്ചാം നാള് സിവില്‍ സര്‍വീസ് നേടി മകള്‍ മാതാപിതാക്കളെ അമ്പരപ്പിക്കുകയും ചെയ്തു.
ആലുവ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കളമശ്ശേരി രാജഗിരി സ്കൂളിലുമായിരുന്നു പ്ലസ്ടുവരെ പഠനം. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദവും നേടിയതിനു ശേഷം മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയത് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന്. ശേഷം, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ (സിഡിഎസ്) പ്രൊജക്ട് ഫെലോ. ഇതിനൊപ്പമായിരുന്നു പുറത്തുനിന്നുള്ള പരിശീലനമൊന്നുമില്ലാതെ, സിവില്‍ സര്‍വീസിനായുള്ള ഒരുക്കം നടത്തിയത്. മൂത്തസഹോദരി ഡോ. ആര് വിദ്യ തിരൂര്‍ മലയാളം സര്‍വകലാശാലയിലെ അധ്യാപികയാണ്.
Discussion about this post