ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് പിന്നാലെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് കെജരിവാളിന്റെ ആരോപണം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.
”മോഡി- അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള രഹസ്യധാരണയിന് മേലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് ഊഹാപോഹങ്ങളുണ്ട്. കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിനെതിരെ പോരാടാന്‍ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ പരാജയപ്പെടുത്തും.” -കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതാണ് ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
Discussion about this post