ചമ്പക്കുളം: ഇത്തവണയും മലയാളിയെ കടാക്ഷിച്ച് അബുദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. 23 കോടിയോളം രൂപയുടെ സമ്മാനം ചമ്പക്കുളം മാവേലികുളത്ത് റോജി ജോര്‍ജിനെയാണ് തേടിയെത്തിയത്. കുവൈറ്റിലെ സ്വകാര്യ കമ്പനിയിലെ പര്‍ച്ചേയ്സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് റോജി. 12 വര്‍ഷമായി കുവൈറ്റില്‍ താമസമാക്കിയ റോജിയും കുടുംബവും ഒന്നു രണ്ടു വര്‍ഷത്തിനകം നാട്ടിലേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ഭാഗ്യദേവത റോജിയേയും കുടുംബത്തേയും തേടിയെത്തിയത്.
ഫെബ്രുവരി 23-നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഏതാനുംദിവസത്തേക്ക് നാട്ടിലേക്ക് പോകുന്ന കുടുംബത്തെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ അവസരത്തിലായിരുന്നു റോജി ടിക്കറ്റെടുത്തതും. വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലന്ന് റോജി പറയുന്നു.
കോടീശ്വരനായ കാര്യം വിശ്വസിക്കാനാകുന്നില്ലെന്നും പറഞ്ഞു. കോടികള്‍ കൈയ്യില്‍ വന്നെങ്കിലും വലിയ ആഗ്രഹങ്ങളൊന്നും തനിക്കില്ലെന്നും ഇപ്പോഴുള്ള സാധാരണ ജീവിതം തുടരാനാണ് ആഗ്രഹമെന്നും റോജി പറയുന്നു.
Discussion about this post