കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ച കോടതിയുടെ തീരുമാനം ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാകും.
സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷനും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
















Discussion about this post