കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ പി ഗോപാൽ നിരപരാധിയാണെന്ന് ആവർത്തിച്ച് പരാതിക്കാരി. തന്റെ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതി തന്നെ യൂട്യൂബിലൂടെ വീഡിയോ പുറത്തുവിട്ടു. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും വീട്ടിൽ നിന്നും തൽക്കാലം മാറി നിൽക്കുന്നത് അമ്മയുടെ അറിവോടെ ആണെന്നും യുവതി പറയുന്നു. യുവതി മൊഴി മാറ്റിയത് രാഹുലിന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണെന്നും യുവതി അവരുടെ കസ്റ്റഡിയിലാണെന്നും പിതാവ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീഡിയോയുമായി യുവതി തന്നെ രംഗത്തെത്തിയിരിക്കുന്നത്. തുടക്കത്തിൽ താൻ പരാതി പറയാത്തതിനാലാണ് പന്തീരങ്കാവ് പോലീസ് കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കൾ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും ആ പാട് തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ അല്ലെന്നും യുവതി ആവർത്തിച്ചു.

തന്നെ രാഹുൽ പരിക്കേൽപ്പിച്ചു എന്ന് പറയുന്ന കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ലെന്നും അക്കാര്യത്തിൽ അതിൽ കുറ്റബോധമുണ്ടെന്നും യുവതി പറയുന്നു.
അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞു. പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.
അന്ന് തന്നെ തനിക്ക് പരാതിയുണ്ടായിരുന്നില്ല. രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, വീട്ടുകാർ ഇടപെട്ട് കാര്യങ്ങൾ വഷളാക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ഉൾപ്പെടെ പറ്റാവുന്ന രീതിയിൽ കരഞ്ഞ് അഭിനയിക്കാനാണ് ചെറിയച്ഛൻ ഉൾപ്പെടെ പറഞ്ഞത്. ആരും തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും യുവതി പറയുന്നുണ്ട്.
















Discussion about this post