പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മാത്രമല്ല, ഭാര്യയ്ക്ക് സ്ഥിര ജോലി നല്‍കാനും കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
കൂടാതെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. ഇതില്‍ പത്ത് ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും കളക്ടര്‍ പ്രതിഷേധക്കാരെ അറിയിച്ചു. ജോലി, നഷ്ടപരിഹാരം എന്നീ കാര്യങ്ങളില്‍ 10 ദിവസത്തിനകം തീരുമാനം എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. പോളിന്റെ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കാമെന്ന് കളക്ടര്‍ പ്രതിഷേധക്കാരെ അറിയിച്ചു.

വയനാട്ടില്‍ തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ ജനക്കൂട്ടം പുല്‍പ്പള്ളിയില്‍ വനംവകുപ്പ് ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. ഇതിനുശേഷം പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. പോലീസിന് നേരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞു. പുല്‍പ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി എത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയത്. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക വാച്ചറായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.














Discussion about this post