കോതമംഗലം പളളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി ഹൈക്കോടതി തളളി. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി പള്ളിയില്‍ കയറരുതെന്ന് ഓര്‍ത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണ് എന്ന് പൊലീസിനോട് ചോദിക്കുകയും ചെയ്തു. കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശിച്ചു.
പ്രാര്‍ഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തളളിയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പള്ളിത്തര്‍ക്കത്തിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി, രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് പറഞ്ഞു. ഓര്‍ത്തഡോക്സ് വിഭാഗം കയറിയാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന നിലപാടാണ് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഓര്‍ത്തഡോക്സുകാര്‍ക്ക് പ്രാര്‍ഥനയ്ക്ക് സൗകര്യം നല്‍കാനുള്ള മുന്‍സിഫ് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പൊലീസ് ഓര്‍ത്തഡോക്സുകാര്‍ കയറിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന നിലപാടെടുത്തത്.
പൊലീസ് നിലപാട് ഹൈക്കോടതിയെ ചൊടിപ്പിച്ചു. മുന്‍സിഫ് കോടതി ഉത്തരവ് പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കി. ഓര്‍ത്തഡോക്സ് സഭാ വികാരിക്കു സംരക്ഷണം നല്‍കണം. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
Discussion about this post