ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്നാട് സ്വദേശിയിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാളെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. സമ്പര്‍ക്കത്തിലുള്ളവരെ നീരീക്ഷണത്തിലാക്കിയതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന് അറിയിച്ചു.
ബ്രിട്ടണില്‍ നിന്നും കഴിഞ്ഞ ദിവസം എത്തിയ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 13 പേരില്‍ ഒരാള്‍ക്കാണ് അതീ തീവ്ര വൈറസ് സ്ഥിരീകരിച്ചത്. പുതിയ രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജനങ്ങളോട് ആവശ്യപ്പെട്ടു.കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സൈനിറ്റൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനിതകമാറ്റം വന്ന കൊറോണ വൈറസ് തമിഴ്നാട്ടിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ജനിതകമാറ്റം വന്ന വൈറസ് ആണോ എന്ന് അറിയുന്നതിനായി സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെത്തിയവരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം ഇന്നു വൈകീട്ടോടെ ലഭിച്ചേക്കും.
Discussion about this post