കൊച്ചി: വയോധികനെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്താണ് സംഭവം. കപ്പലാംമൂട്ടില്‍ ഗോപി എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഇയാളെ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വിവരം പുറത്തുവന്നതോടെ പൊലീസെത്തി കൃഷ്ണപ്രസാദിനെ ആശുപത്രിയിലേക്ക് മാറ്റി. കാലിലെ വ്രണത്തില്‍ പുഴുവരിച്ച്, വീടിന്റെ തിണ്ണയില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ കിടന്ന കൃഷ്ണപ്രസാദിന്റെ ദൃശ്യങ്ങള്‍ നെല്ലിക്കുഴി സ്വദേശിയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. വീടിനു സമീപത്ത് ബന്ധുക്കളുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള കൃഷ്ണപ്രസാദിനെ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലത്തെത്തിയ കുട്ടമ്പുഴ പൊലീസ് രാത്രിയോടെയാണ് കൃഷ്ണപ്രസാദിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
മുന്‍പ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കൃഷ്ണപ്രസാദിനെ ആശുപത്രിയിലാക്കിയിരുന്നു. അവിടെ നിന്ന് മടങ്ങിവന്ന ശേഷവും ബന്ധുകള്‍ സഹകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post