ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ലഖ്നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേയ്ക്ക് സൈക്കിളില്‍ യാത്ര തിരിച്ച ദമ്പതികള്‍ റോഡപകടത്തില്‍ മരിച്ചു. ഇവരുടെ മൂന്നും ഒന്നും വയസുള്ള രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. കൃഷ്ണ സാഹു (45), പ്രമീള സാഹു (38) എന്നിവരാണ് മരിച്ചത്.
നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണ സാഹു ഭാര്യയേയും മക്കളേയും കൂട്ടി സൈക്കിളില്‍ ഛത്തീസ്ഗഢിലെ ബെമെത്രയിലേക്ക് പോകുകയായിരുന്നു. ലഖ്നൗവിലെ സികന്ദര ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. ഏതാണ്ട് 25 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ച 2.30 ഓടെ സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രമീള സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൃഷ്ണ സാഹുവിനെ പോലീസ് കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്വകലാശാലയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. മക്കളായ ചാന്ദ്നിയും നിഖിലും സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ കൃഷ്ണയുടെ സഹോദരന് രാംകുമാറിന്റെ വീട്ടിലേക്ക് മാറ്റി.
Discussion about this post