ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുന്നത് 85 കോടി രൂപ. ദ്വിദിന പര്യടനത്തിന്റെ ഭാഗമായി ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കൂന്നുള്ളൂ. ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിന് വേണ്ടിയാണ് സംസ്ഥാനം ഇത്രയധികം രൂപ ചെലവഴിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ചെലവഴിക്കുക. മൊത്തം ചെലവില്‍ പകുതിയും സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകളാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 12,000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ട്രംപ് നിര്‍വ്വഹിക്കും. ഈ ചടങ്ങിനായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അശോക് ബ്രഹ്മഭട്ട് പറഞ്ഞു.ശേഷം ട്രംപ് അഹമ്മദാബാദില്‍ റോഡ് ഷോ നടത്തും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കും
Discussion about this post