വാഷിങ്ടണ്‍: ലോക്ക് ഡൗണില്‍ കഴിഞ്ഞും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും പിടിച്ചുകെട്ടാനാവാതെ കൊറോണ വ്യാപിക്കുന്നു. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 88,338 ആയി ഉയര്‍ന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15,11,104 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയിലാണ്. കൊറോണ രോഗികളുടെ എണ്ണം 4.30 ലക്ഷത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1400ഓളം പേരാണ് യുഎസില്‍ മാത്രം വൈറസ് ബാധിച്ച് മരിച്ചത്. ആകെ മരണം 14,500 പിന്നിട്ടു.
അതേസമയം ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറ്റലിയിലാണ്, 17,669 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്പെയ്നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്.
14,792 പേരാണ് സ്പെയിനില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഫ്രാന്‍സിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയര്‍ന്നു. ജര്‍മനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. ഇറാനില്‍ 64,586 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രിട്ടണില്‍ രോഗികളുടെ എണ്ണം 60000 കടന്നു.
ലോകത്താകെ 3,29,731 പേര്‍ക്കാണ് രോഗം പൂര്‍ണമായും ഭേദമായത്. ഇത് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകള്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. 77567 പേരാണ് ചൈനയില്‍ രോഗമുക്തി നേടിയത്.
Discussion about this post