രാജാക്കാട്: ഇടുക്കി രാജാക്കാടിൽ മകനെ മടിയിലിരുത്തി മദ്യലഹരിയിൽ കാറോടിച്ച് പിതാവിന്റെ മരണക്കളി. ഈ അപകടയാത്രയിൽ ഇടിച്ചിട്ടത് നാല് വാഹനങ്ങളാണ്. ഒൻപതുവയസ്സുകാരനെ മടിയിലിരുത്തിയാണ് രാജാക്കാട് ടൗണിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ മദ്യലഹരിയിൽ യുവാവ് അഴിഞ്ഞാടിയത്.
അതേസമയം, മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും വാഹനം ഓടിച്ചിരുന്ന സേനാപതി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഡ്രൈവിങ് സീറ്റിൽ മടിയിലിരുന്ന് ഒമ്പതുവയസ്സുകാരനായ മകനാണു വാഹനം ഓടിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു. ഇവർക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് 2 പേരും വാഹനത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം.
പൊന്മുടി റൂട്ടിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലും വാനിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞെങ്കിലും ഇതിൽ യാത്ര ചെയ്ത ദമ്പതികളും രണ്ടര വയസ്സുള്ള കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിനു ശേഷവും തെറ്റായ ദിശയിൽ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ ശേഷം നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവനുകൾ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Discussion about this post