ന്യൂഡൽഹി: പ്രളയവും മഴക്കെടുതികളും ബാധിച്ച സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ മനഃപൂർവ്വം സന്ദർശന പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കർണാടകയിലും സന്ദർശനം നടത്തിയ അമിത് ഷാ കേരളത്തെ ഒഴിവാക്കിയത് എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടാണെന്നും പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ, മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തിൽ കേന്ദ്രമന്ത്രി എത്തിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് സന്ദർശനം നടത്തിയത് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
ഞായറാഴ്ച കർണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂർ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തിയിരുന്നു. കേരളത്തിൽ മഴക്കെടുതിയിൽ ഇതുവരെ 72 പേർ മരിക്കുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകൾ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങൾക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Discussion about this post