ഹൈദരാബാദ്: ഉപഗ്രഹവേധ മിസൈല്‍ എ-സാറ്റ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന വാര്‍ത്ത അറിയിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തി രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരോ തലവന്മാരോ നടത്തേണ്ട വാര്‍ത്താസമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നേരിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചതിനെതിരെയാണ് വിമര്‍ശനങ്ങള്‍. ഇതിനിടെ, ശാസ്ത്രജ്ഞരുടെ നേട്ടം തന്റേതാക്കി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാനാണ് ശ്രമിച്ചതെന്ന ആരോപണവുമായി എഐഎംഐഎം തലവന്‍ അസദുദ്ധീന്‍ ഒവൈസി രംഗത്തെത്തി.
‘ഞാനൊരു തമാശ കേട്ടു, അടുത്തദിവസങ്ങളിലായി ചിലപ്പോള്‍ പ്രധാനമന്ത്രി മോഡി ഒരു ട്വീറ്റ് പുറത്തുവിടും, ‘എനിക്കൊരു കാര്യം അറിയിക്കാനുണ്ട്, നാളെ ഏഴുമണിക്ക് ഞാന്‍ വരും’ എന്ന്. ശേഷം ഏഴുമണിയാകുമ്പോള്‍ മോഡി ബഹിരാകാശത്ത് പോവുകയും എന്റെ പ്രിയ അന്യഗ്രഹജീവി മിത്രങ്ങളേ (ഏലിയന്‍ മിത്രോം) എന്ന് വിളിച്ചുപറയുകയും ചെയ്യും’. മോഡിയായതുകൊണ്ട് ഒന്നും പ്രവചിക്കുക സാധ്യമല്ലെന്നും ഇതും സംഭവിച്ചേക്കാമെന്നും ഒവൈസി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മോഡിയെ പരിഹസിച്ചതിങ്ങനെ.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സുപ്രധാന കാര്യം അറിയിക്കാനായി 12 മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചത്. രാജ്യം ആകാംക്ഷയില്‍ നില്‍ക്കുന്നതിനിടെ ടിവിയിലും റേഡിയോ- സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് ബഹിരാകാശ രംഗത്ത് ഇന്ത്യ കൊയ്ത നേട്ടത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. എ-സാറ്റ്(ഉപഗ്രഹവേധ മിസൈല്‍) ആയുധം വികസിപ്പിച്ചെടുത്ത വിവരമാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, ഈ മികവ് സ്വന്തമാക്കിയതിന് ഡിഐര്ഡിഒയെയും രാജ്യത്തെ ശാസ്ത്രജ്ഞരേയും അഭിനന്ദിച്ച ഒവൈസി ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ഇവരില്‍ നിന്നും തട്ടിയെടുത്ത് സ്വന്തം പേരിലാക്കാനാണോ മോഡി ശ്രമിക്കുന്നതെന്ന് ആരായുകയും ചെയ്തു.
Discussion about this post