ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ട് വയസുകാരനെ അടിച്ച് കൊന്നു. ഡെറാഡൂണിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് ബാറ്റും സ്റ്റംമ്പുമുപയോഗിച്ചാണ് ഇവര്‍ പന്ത്രണ്ട് വയസുകാരനെ തല്ലിക്കൊന്നത്. കുട്ടി മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ വീട്ടുകാരെ അറിയിക്കാതെ കുട്ടിയുടെ മൃതദേഹം ക്യാമ്പസിനകത്ത് തന്നെ ദഹിപ്പിക്കുകയും ചെയ്തു.
വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ബോര്‍ഡിംഗ് സ്കൂള്‍ അധികൃതര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി ദഹിപ്പിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റാണ് കുട്ടി കൊല്ലപ്പെട്ടത്. തങ്ങളുടെ ബിസ്ക്കറ്റ് മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടു വയസുകാരനെ മര്‍ദ്ദിച്ചത്. വാര്ഡന് കാണുന്നത് വരെ മണിക്കൂറുകളോളം ക്ലാസ് റൂമില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
അതേ സമയം ഇത്രയും വലിയൊരു സംഭവം നടന്നിട്ടും സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കാന്‍ പോലും തയ്യാറായില്ലെന്ന് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഉഷാ നേഗി പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post