റിയാദ്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയത്. സമാനമായ രക്ഷാപ്രവര്‍ത്തനമാണ് സൗദിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദിയിലെ മലയിടുക്കില്‍ 30 മണിക്കൂറോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി. അല്‍ വാജ് ഗവര്‍ണറേറ്റിലെ അബു റാക്ക സെന്ററില്‍ ഇടുങ്ങിയ മലയിടുക്കിലാണ് 27കാരനായ സ്വദേശി യുവാവ് കുടുങ്ങിയത്.
30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തബൂക് സിവില്‍ ഡിഫന്‍സ് സംഘം ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കുടുങ്ങിയ സമയം മുതല്‍ യുവാവിന് ഭക്ഷണവും വെള്ളവും നല്കിക്കൊണ്ടിരുന്നു. കുടുങ്ങിക്കിടന്ന സ്ഥലത്തെ പാറക്കെട്ടുകള്‍ മാറ്റിയ ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
മലനിരകളിലെ ട്രക്കിങ്ങിനിടെ കാല് വഴുതിയാണ് യുവാവ് പാറയിടുക്കിലേക്കു വീണത്. ആശുപത്രിയിലേക്കു മാറ്റിയ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു
45 മണിക്കൂറോളം മലയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബുവിനെ ഹെലികോപ്റ്റര്‍ ദൗത്യവും പരാജയപ്പെട്ടതോടെ അതിസാഹസികമായാണ് സൈന്യം രക്ഷപ്പെടുത്തിയത്.
രണ്ട് ജവാന്മാര് ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു.
20 അംഗ എന്‍ഡിആര്‍എഫ്, രണ്ട് യൂണിറ്റ് കരസേന, എയര്‍ഫോഴ്സ് എന്നിവരാണ് ബാബുവിന്റെ രക്ഷദൗത്യത്തിനുണ്ടായിരുന്നത്. കേരളത്തില്‍ ഒരാള്‍ക്കായി ആദ്യമായിട്ടാണ് ഇത്ര വലിയ രക്ഷാദൗത്യം നടക്കുന്നത്.
Discussion about this post