തിരുവനന്തപുരം: ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പോലീസുകാരെ കുറ്റപ്പെടുത്തി സംസാരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പോലീസുകാരില്‍ ചിലര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരെന്ന് കുറ്റപ്പെടുത്തിയെന്ന തരത്തിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയെന്ന നിലയില്‍ ബാധ്യതയാണ്. അത് മാത്രമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചെയ്തതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു.
ആര്‍എസ്എസിന്റെ ഒറ്റുകാരാണ് പോലീസുകാര്‍ എന്ന് ആരെങ്കിലും പറയുമോ എന്ന് ചോദിച്ച പിണറായി വിജയന് അത്തരമൊരു വാര്‍ത്ത ശുദ്ധകളവാണെന്നും പ്രതികരിച്ചു.
‘പോലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്പര്യത്തിന് ഒപ്പവുമാണ് നില്‍ക്കേണ്ടത്. നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post