തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചു നല്‍കിയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു.
പ്രളയബാധിതര്‍ക്കായി 1173 വീടുകള്‍ സംസ്ഥാനത്താകെ ഇതേവരെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് താന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ അവകാശപ്പെടുന്നതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
‘ കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി 228 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തുന്നതിനെ കുറിച്ച് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു തകര്‍ന്ന വീടിന്റെ ചിത്രം കൊടുത്തിരുന്നു. കേരളത്തെ ഉലച്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു പ്രതീകാത്മക ചിത്രം എന്ന നിലയിലാണ് ആ ചിത്രം ഉപയോഗിച്ചത്. എന്റെ പോസ്റ്റില്‍ ഒരു ഭാഗത്ത് പോലും ആ ചിത്രത്തില്‍ കാണുന്ന വീട് പുനര്‍നിര്‍മ്മിച്ചതായി പറയുന്നില്ല.
എന്നാല്‍ ഏഷ്യാനെറ്റ് അന്ന് പറഞ്ഞത് പരസ്യത്തില്‍ കാണിച്ച വീട് പോലും പ്രളയദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടില്ലെന്ന മട്ടിലാണ് വാര്‍ത്ത കെട്ടിച്ചമച്ചത.’ അതേസമയം, 1173 വീടുകള്‍ നിര്‍മിച്ചു കൈമാറിയതിനെ കുറിച്ച് ഒരു വരി വാര്‍ത്ത പോലും നല്‍കാത്ത ഏഷ്യാനെറ്റാണ് ഫേസ് ബുക്കില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പ്രതീകമായി ഉപയോഗിച്ച വീട് പുനര്‍നിര്‍മ്മിച്ചില്ലെന്നതിന്റെ പേരില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയാകെ താറടിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post