കൊച്ചി: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് നാടുവിട്ടു പോയി വിവാദങ്ങളുണ്ടാക്കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഎസ് നവാസിനോട് കൊച്ചി സിറ്റി കമ്മീഷണറായ ഐജി വിജയ് സാക്കറേയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. കൊച്ചി സിറ്റി എസിപിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിഐ നവാസ് നാടുവിട്ടത്. രാമേശ്വരത്തേക്ക് പോയ അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരിച്ചെത്തിയിരുന്നു.
സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നവാസ് കത്തു നല്‍കിയിട്ടുണ്ട്. കൊച്ചി സെന്‍ട്രലില്‍ നിന്ന് മട്ടാഞ്ചേരി സിഐ ആയി നിയമിതനായ തന്നെ സര്‍വീസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഫിലിപ്പിനാണ് നവാസ് കത്തു നല്‍കിയത്. കൊച്ചി സിറ്റി കമ്മീഷണറെ കാണാനായിരുന്നു നിര്‍ദേശം.
എന്നാല്‍ നവാസിനെ അതിവേഗം തിരിച്ചെടുക്കേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ച. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച നവാസിനെ വേഗത്തില്‍ തിരച്ചെടുക്കരുതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ തിരിച്ചെടുക്കാതിരുന്നാല്‍ പൊതുജനമധ്യത്തില്‍ നാണക്കേടാകുമെന്ന ആശങ്കയുണ്ട്. ഇതിനിടെ ആരോപണവിധേയനായ എസിപിക്കെതിരെ ശക്തമായ മൊഴിയാണ് സിഐ നവാസ് നല്‍കിയിരിക്കുന്നത്.
താന്‍ മാന്യമായാണ് മേലുദ്യോഗസ്ഥനോട് പെരുമാറിയതെന്നും എന്നാല്‍ തന്നെ കേള്‍ക്കാന്‍ എസിപി തയാറായില്ലെന്നുമാണ് ഡിസിപി ജി പൂങ്കുഴലിക്ക് സിഐ നല്കിയ മൊഴി.
Discussion about this post